കേരളാ ഫോക് ലോർ അക്കാദമി ഫോക് ലോറുമായി ബന്ധപ്പെട്ട് ലോകത്താകമാനം ഉണ്ടാകുന്ന ചലച്ചിത്രങ്ങളുടെ ആസ്വാദനവും പ്രദർശനവും ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഫോക് ലോർ ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ പൊതുസ്വത്താണ് എല്ലാദേശത്തെയും ഫോക് ലോർ എന്ന കാഴ്ചപ്പാടോടെയാണ് അക്കാദമി ഈ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. നാടോടി കലകളെയും സംസ്കാരത്തെയും ജീവിതത്തെയും പുതിയ കാലത്തിൻ്റെ മാധ്യമത്തിൽ പകർത്തുകയും സൂക്ഷിക്കുകയും ചെയ്യേണ്ടത് സംസ്കാരത്തെ പ്രധാനമായി കാണുന്ന ഒരു ജനതയുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നാട്ടിലും, നാടോടി കലാരൂപങ്ങളും പ്രാക്തന ജനജീവിതവും അവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും കഥകളും ഡോക്യുമെൻ്റ് ചെയ്യുകയും വരും തലമുറയ്ക്ക് അവ പകർന്നു നൽകുകയും ചെയ്യേണ്ടതുണ്ട്. യുവതലമുറയെ ഇത്തരം വിഷയങ്ങളിലേക്ക് ആകർഷിക്കുക കൂടി ഈ അന്താരാഷ്ട്ര ചലാത്രോത്സവത്തിൻ്റെ ലക്ഷ്യമാണ്.
2021 ഫെബ്രുവരി 19, 20, 21 തീയ്യതികളിൽ പയ്യന്നൂർ ശാന്തി സിനിമാസിലെ രണ്ട് തിയേറ്ററുകളിലായാണ് അന്താരാഷ്ട്ര ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ (infffok) നടക്കുന്നത്. മത്സര വിഭാഗം, ഫോക്കസ് വിഭാഗം എന്നിങ്ങനെ രണ്ടു മേഖലകളിലായി ഫീച്ചർ, ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും പ്രദർശനങ്ങൾ നടത്തുക. ഇതോടൊപ്പം ഇന്ത്യയിലെ പ്രശസ്തമായ നാടോടി കലാ സംഘങ്ങളുടെ അവതരണങ്ങളും ഫോക് ലോറും സിനിമയും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തിയുള്ള അക്കാദമിക്ക് ചർച്ചകളും ഇൻഫോക്കിൻ്റെ ഭാഗമായി ഉണ്ടാകും. മത്സര വിഭാഗത്തിലുള്ള ഫീച്ചർ, ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിമുകൾക്ക് യഥാക്രമം 50,000, 25,000, 20,000 രൂപ സമ്മാനത്തുകയായി ലഭിക്കും. പയ്യന്നൂരിൽ അന്താരാഷ്ട്ര ഫോക് ലോർ ഫിലിം ഫെസ്റ്റിവലിൻ്റെ സ്ഥിരം വേദിയായി മാറ്റത്തക്ക രീതിയിലാണ് ഇൻഫോക്ക് 2021 സംഘടിപ്പിക്കപ്പെടുന്നത്.